വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥി അറസ്റ്റിൽ
1591906
Monday, September 15, 2025 11:45 PM IST
തൊടുപുഴ: ഒന്നാംവർഷ വിഎച്ച്എസ്ഇ വിദ്യാർഥിയെ ക്ലാസിൽ കയറി മർദിച്ച സംഭവത്തിൽ സീനിയർ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ വിദ്യാർഥിയായ അൽ അമീനെ(18)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മർദനം നടത്തിയ അൽ അമീന് മർദനം നടത്താൻ സഹായം ചെയ്ത മറ്റ് രണ്ട് വിദ്യാർഥികൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ നഗരത്തിലെ സർക്കാർ സ്കൂളിലാണ് ഇടവെട്ടി സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥിക്ക് മർദനമേറ്റത്.
ഇന്റർവെൽ സമയം ക്ലാസിലെത്തിയ രണ്ടാം വർഷ വിദ്യാർഥിയുടെ നേതൃത്വത്തിൽ അകാരണമായി മർദിച്ചെന്നാണ് പരാതി. അമ്മ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മർദനം നടത്തിയ അൽ അമീനെ 15 ദിവസത്തേക്ക് സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.