മറയൂർ-കാന്തല്ലൂർ മേഖലയിൽ രേഖകൾ നൽകാൻ സഫാരി ജീപ്പുകൾക്ക് മടി
1591915
Monday, September 15, 2025 11:45 PM IST
മറയൂർ: സഫാരി ജീപ്പുകൾ സർവീസ് നടത്താൻ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നു നിർദേശിച്ചിട്ട് മറയൂർ, കാന്തല്ലൂർ മേഖലകളിൽ വലിയൊരു വിഭാഗം ജീപ്പുകൾ ഇതു പാലിക്കുന്നില്ലെന്നു പരാതി. 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുള്ളത്. ഇരുനൂറിലേറെ ജീപ്പുകളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. എന്നാൽ, 50 വാഹനങ്ങൾ മാത്രമാണ് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടുള്ളത്. രേഖകൾ ഹാജരാക്കാത്ത വാഹനങ്ങളിൽ ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാത്തവയും ഒാടുന്നതായി സംശയം ഉയർന്നിട്ടുണ്ട്.
അപകടവും കൂടുന്നു
ഇതിനിടെ, അനധികൃതമായി സർവീസ് നടത്തുന്ന സഫാരി ജീപ്പുകൾ അപകടം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സഹായ ഗിരിയിൽ അമിതവേഗത്തിൽ കൂട്ടിയിടിച്ച രണ്ട് ജീപ്പുകൾ പോലീസ് പിടികൂടിയിരുന്നു.
മുൻ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി പോലീസ് ക്ലിയറൻസ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രേഖകൾ എന്നിവ പരിശോധിച്ച ശേഷം മാത്രം സഫാരി അനുവദിക്കണമെന്നും സുരക്ഷിതമായ പ്രദേശങ്ങളിൽ മാത്രം സഫാരി നടത്തണമെന്നും അവർ നിർദേശിച്ചിരുന്നു. പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് ഇതിന്റെ ചുമതല നൽകിയിരുന്നെങ്കിലും ഇടപെടൽ വേണ്ടത്ര ഫലപ്രദമല്ല.
അമിതവേഗം ഭീഷണി
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അനധികൃത സർവീസുകാർ രാഷ്ട്രീയസ്വാധീനം മറയാക്കി രേഖകളും മറ്റും ഹാജരാക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കു കയാണെന്നാണ് ആരോപണം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് അപകടങ്ങൾ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ കാന്തല്ലൂർ പെരടി പള്ളം ഒന്നാം വളവിൽ തമിഴ്നാട്ടിൽനിന്നെത്തിയ സഞ്ചാരികളുമായി പോയ ഒരു സഫാരി ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു പേർക്കു ഗുരുതര പരിക്കേറ്റു.
അനധികൃത വാഹനങ്ങൾ പിടികൂടി നിയമ നടപടി സ്വീകരിക്കണമെന്നും അമിതവേഗം നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.