അഭിവാദ്യ പ്രകടനവും പൊതുയോഗവും 17ന്
1591911
Monday, September 15, 2025 11:45 PM IST
കട്ടപ്പന: ഭൂനിയമ ഭേദഗതി-2023നെ തുടർന്നുള്ള ചട്ടരൂപീകരണം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലും 17ന് വൈകുന്നേരം അഞ്ചിന് പ്രകടനവും പൊതുയോഗവും നടത്തുമെന്നു സംയുക്ത കർഷക സംഘം നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കിയിലെ നിർമാണങ്ങൾ പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ചു ഹൈക്കോടതിയിൽ കേസ് നൽകിയത് കോണ്‍ഗ്രസ് നേതാവ് അഡ്വ. മാത്യു കുഴൽനാടന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണെന്നു സംയുക്ത കർഷക സംഘം ഭാരവാഹികൾ ആരോപിച്ചു.
ഇതേത്തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2018ൽ നിർമാണ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും മുതിർന്ന അഭിഭാഷകനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കേരളത്തിനെതിരെ വാദിക്കുകയും സുപ്രീം കോടതി, ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.
ഈ വിധിയെ മറികടക്കാനാണ് എൽഡിഎഫ് സർക്കാർ 2023 സെപ്റ്റംബർ 14ന് ഭൂനിയമ ഭേദഗതി ബിൽ 2023 പാസാക്കിയത്. നിയമ ഭേദഗതികളിലൂടെ, പതിച്ചു നൽകിയ ഭൂമിയിൽ നിർമിച്ചിട്ടുള്ള ചട്ട വിരുദ്ധ നിർമിതികൾ ക്രമവത്കരിക്കാൻ ഗവണ്മെന്റിന് അധികാരം നൽകി, ഇതു നടപ്പാക്കാൻ 7 ഒഎ പ്രകാരം ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
സർക്കാർ തീരുമാനത്തെ അട്ടിമറിക്കാൻ നിക്ഷിപ്തതാത്പര്യക്കാരും യുഡിഎഫും നടത്തുന്ന ഗൂഢനീക്കങ്ങൾ തിരിച്ചറിയണമെന്നു സംയുക്ത കർഷക സമിതി ചെയർമാൻ മാത്യു വർഗീസ്, കണ്‍വീനർ റോമിയോ സെബാസ്റ്റ്യൻ, ജോയി വടക്കേടത്ത്, ബിജു ഐക്കര, മാത്യു ജോർജ്, കെ.എൻ. വിനീഷ് കുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.