പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം
1591909
Monday, September 15, 2025 11:45 PM IST
തൊടുപുഴ: ജില്ലയിലെ മികച്ച 12 ഹരിതകേരളം പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം. ഇന്നു വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര ദാനം നടത്തും.
തദ്ദേശഭരണ സ്ഥാപനങ്ങൾ, ഹരിതസ്ഥാപനങ്ങൾ, ഹരിത കോളജുകൾ, വിദ്യാലയങ്ങൾ എന്നീ വിഭാഗത്തിൽനിന്നു ജില്ലാതല സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത പച്ചത്തുരുത്തുകൾക്കാണ് പുരസ്കാരം നൽകുന്നത്.
മുട്ടം ജില്ലാ കോടതിയുടെ പച്ചത്തുരുത്തിനാണ് മികച്ച ഹരിതസ്ഥാപനത്തിനുള്ള പുരസ്കാരം. സഹ്യദർശിനി -നെടുങ്കണ്ടം പഞ്ചായത്ത്, കാഞ്ഞാർ-വെള്ളിയാമറ്റം, അമൃതവാടി- അറക്കുളം, പുഴയോരം കൈപ്പ- കുടയത്തൂർ, കൊച്ചുതോവാള അങ്കണവാടി പച്ചത്തുരുത്ത് -കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയാണ് മികച്ച തദ്ദേശസ്ഥാപന പച്ചത്തുരുത്തുകൾ.
തൊടുപുഴ ന്യൂമാൻ കോളജ്, മുരിക്കാശേരി പാവനാത്മ കോളജ്, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയാണ് മികച്ച കലാലയ പച്ചത്തുരുത്തുകൾ. മുണ്ടിയെരുമ ഗവ. എച്ച്എസ്എസ്, ചിത്തിരപുരം ഗവ.എച്ച്എസ്, കൊന്നത്തടി ഗവ. എൽപിഎസ് എന്നീ ഹരിത വിദ്യാലയ പച്ചത്തുരുത്തുകൾക്കും മികവിനുള്ള അംഗീകരം ലഭിച്ചു.
ജില്ലയിലാകെ 109 പച്ചത്തുരുത്തുകളാണുള്ളത്. ഫലവൃക്ഷങ്ങളും മറ്റും നട്ട് സ്വാഭാവിക ചെറുവനങ്ങൾ രൂപപ്പെടുത്തുകയാണ് ഹരിതകേരളം പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2019ൽ തുടക്കമിട്ട പദ്ധതിയിലാകെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 43 ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്തുള്ളതെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അറിയിച്ചു.