ആലുവ-മൂന്നാർ രാജപാത തുറക്കണം ; കണ്ണു തുറപ്പിക്കാൻ മാങ്കുളത്ത് പ്രത്യേക ഗ്രാമസഭ ഇന്ന്
1592325
Wednesday, September 17, 2025 7:05 AM IST
മാങ്കുളം: ആലുവ-മൂന്നാർ രാജപാത തുറക്കാൻ അനുകൂല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മാങ്കുളം പഞ്ചായത്തിൽ ഇന്നു പ്രത്യേക ഗ്രാമസഭ ചേരും. യോഗത്തിൽ ഇതിനായി പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കും. വികസനമെന്നത് ഒരു പ്രദേശത്തെ ജനതയ്ക്ക് ആധുനിക സൗകര്യത്തോടെ ജീവിക്കാനുളള അവകാശമാണ്.
എന്നാൽ, അടുത്ത കാലത്തെ ചില പരിസ്ഥിതി നിയമങ്ങളും അവയെ വ്യാഖ്യാനിക്കുന്ന രീതിയും മലയോര മേഖലയിലെ സാധാരണക്കാർ, ആദിവാസികൾ, തോട്ടംതൊഴിലാളികൾ എന്നിവരുടെ ജീവിതം വഴിമുട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക ഗ്രാമസഭ ചേരാൻ തീരുമാനിച്ചത്. ജനങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരാനാണ് പ്രത്യേക ഗ്രാമസഭ.
എങ്ങനെ വനമാകും?
ആലുവ-മൂന്നാർ രാജപാത നൂറ്റാണ്ടുകൾ പഴക്കമുള്ളതും മധുരയിൽനിന്നു പഴയ തുറമുഖമായ മുസിരസിൽ എത്താൻ ഉപയോഗിച്ചുവന്നിരുന്നതുമാണ്. ഇതു പിന്നീട് കുതിര, കാളവണ്ടികൾ ഓടുന്ന പാതയായി മാറി. എന്നാൽ, 1924ലെ പ്രളയത്തിൽ ഒരു ഭാഗം തകർന്നടിഞ്ഞ പാത പിന്നീടു പുനരുദ്ധരിച്ചില്ല. റവന്യു രേഖകളിലും പൊതുമരാമത്ത് വകുപ്പ് രേഖകളിലും ഈ റോഡ് വനമായി വിജ്ഞാപനം ചെയ്തിട്ടില്ല.
1980ലെ വനനിയമത്തിലെ വനം എന്ന പദത്തിനു കോടതി നൽകിയ നിർവചനം മൂലം ഉണ്ടായിട്ടുള്ള നിയമോപദേശം മറികടക്കാൻ കേന്ദ്രസർക്കാർ 2023ൽ ഈ നിയമം ഭേദഗതി ചെയ്തിരുന്നു. 110 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡിന്റെ 25 കിലോമീറ്റർ മാത്രമാണ് ഗതാഗതയോഗ്യമല്ലാത്തത്. ഇത് ഈ റോഡ് നിലവിലില്ലെന്ന വനംവകുപ്പിന്റെ വാദത്തിന്റെ മുനയൊടിക്കുന്നു.
ഇടമലക്കുടിക്കും നേട്ടമാകും
ആലുവ-മൂന്നാർ രാജപാത തുറന്നുനൽകിയാൽ അതു രാജ്യത്തെ ആദ്യത്തെ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിലും വലിയ കുതിച്ചുചാട്ടമുണ്ടാകും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നു രോഗികളെ ഇടമലക്കുടിയിൽനിന്നു കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു. ചികിത്സ വൈകി ഒരാളുടെ ജീവൻ നഷ്ടമായി.
ദുർഘട പാതയിലൂടെ മാങ്കുളത്ത് എത്തിച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രാജപാത തുറന്നു നൽകിയാൽ ഇടമലക്കുടിക്കു പുറമെ അടിമാലി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുറത്തിക്കുടിയുടെയും കുട്ടന്പുഴ പഞ്ചായത്തുകളിലെ അവികസിത പ്രദേശങ്ങളുടെയും വികസനത്തിന് ഇതു വഴിയൊരുക്കും.
നാട് ഒരുമിക്കുന്നു
ഇടമലക്കുടിയിൽനിന്നു കാൽനടയായി മാങ്കുളത്ത് റോഡ് സൗകര്യമുള്ള സ്ഥലത്ത് എത്താൻ കുഞ്ഞദൂരം മതി. എന്നാൽ, മൂന്നാർ വഴി അടിമാലിയിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. റോഡില്ലാത്തതു മൂലം പതിറ്റാണ്ടുകളായി യാതന അനുഭവിക്കുന്ന ജനതയ്ക്ക് ആലുവ- മൂന്നാർ രാജപാതയുടെ വികസനം വൻ നേട്ടമാകും.
ഇതിനായിട്ടാണ് നാട് ഒരുമിക്കുന്നത്. പാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ഭരണഘടനയിലെ 243 എ വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചും കേരള പഞ്ചായത്ത് രാജ് നിയമം 1994ലെ 3(3) വകുപ്പിലെ അവകാശം ഉപയോഗിച്ചുമാണ് പ്രത്യേക ഗ്രാമസഭായോഗം വിളിച്ചിരിക്കുന്നത്.