സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം: അന്വേഷണം എങ്ങുമെത്തിയില്ല
1592316
Wednesday, September 17, 2025 7:04 AM IST
മൂന്നാർ: മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും തുന്പ് കണ്ടെത്താനാവാതെ പോലീസ്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിപുലമായ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയും ചൊക്കനാട് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ രാജപാണ്ടി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിഫലമായി.
സംഭവദിവസം രാവിലെ ഏഴിനു ഫാക്ടറിയിൽനിന്ന് ഇറങ്ങിപ്പോകുന്നത് സിസി കാമറകളിൽ തെളിഞ്ഞെങ്കിലും മരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിനു സമീപത്തെങ്ങും കാമറകൾ ഇല്ലാതിരുന്നത് തിരിച്ചടിയായി.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കാതെ വന്നതോടെ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് അന്വേഷണം സംഘം അറിയിച്ചിരുന്നു. എസ്റ്റേറ്റിലുള്ള ആരെങ്കിലും വിവരം നൽകുമെന്നായിരുന്നു പോലീസ് കണക്കുകൂട്ടിയിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 16നാണ് എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിൽ രാജപാണ്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും കഴുത്തിലും കുത്തേറ്റ നിലയിലായിരുന്നു. ക്വാർട്ടേഴ്സിലേക്ക് മടങ്ങിയിട്ട് ഏറെ നേരമായിട്ടും മടങ്ങി വരാതിരുന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തംവാർന്ന നിലയിൽ ജീവനക്കാരനെ കണ്ടെത്തിയത്.