ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ചും ധർണയും ഇന്ന്
1592446
Wednesday, September 17, 2025 11:32 PM IST
തൊടുപുഴ: ലോട്ടറിക്ക് ജിഎസ്ടി 40 ശതമാനമായി വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും വില്പനക്കാരും ഇന്നു രാവിലെ 10.30ന് ഇൻകംടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ലോട്ടറി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്യും. ജിഎസ്ടി വർധന സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം ലോട്ടറിത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കും. നിലവിൽ ഒരു ടിക്കറ്റ് വിറ്റാൽ ഏജന്റിന് 8.50 രൂപയും വില്പനക്കാരന് 7.35 രൂപയുമാണ് ലഭിക്കുന്നത്.
പുതിയ നികുതി പ്രാബല്യത്തിലാകുന്നതോടെ ഒരു ടിക്കറ്റിന് 3.35 രൂപ അധികനികുതി നൽകേണ്ടി വരും. സിഐടിയു, ഐൻടിയുസി, എഐടിയുസി, കെടിയുസി-എം, കെഎൽഎഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
പത്രസമ്മേളനത്തിൽ ടി.ബി. സുബൈർ, ജി. ഗിരീഷ്കുമാർ, അനിൽ ആനിക്കാട്ട്, ഗോപാലകൃഷ്ണൻ, സനൽ തുടങ്ങിയവർ പങ്കെടുത്തു.