ജോലി തട്ടിപ്പ്: പണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന്
1592447
Wednesday, September 17, 2025 11:32 PM IST
തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിലായെങ്കിലും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗണ്‍സിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ പരാതി നൽകിയിരിക്കുന്ന 50 പേരിൽനിന്നുമായി പണം കൈക്കലാക്കിയ ശേഷം വിവിധ രാജ്യങ്ങളിലുള്ള കന്പനികളുടെ പേര് ഉപയോഗിച്ച് വ്യാജ വർക്ക് പെർമിറ്റ്, വ്യാജ വീസ എന്നിവ നിർമിച്ചാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ചവരെ കണ്ടെത്തണം. കഴിഞ്ഞ കുറെ നാളുകളായി ഇവർ ഒളിവിലായിരുന്നെങ്കിലും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലും പോലീസ് തയാറായിരുന്നില്ല.
തൊടുപുഴ പോലീസാണ് പ്രതികളായ രാജേഷിനെയും മനുവിനെയും അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കണ്‍വീനർ പി.പി. അനിൽകുമാർ, ചെയർമാൻ ഡേവിസ് ജോർജ്, വൈസ് ചെയർമാൻ ലാലി ജോണ്‍, അന്പിളി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.