മുട്ടത്ത് വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് പരാതി
1592444
Wednesday, September 17, 2025 11:32 PM IST
മുട്ടം: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വഴിവിളക്കുകൾ തെളിയുന്നില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് പ്രദേശവാസികൾ അതത് വാർഡ് മെംബർമാരെയും ഗ്രാമസഭകളിലും നിരന്തരം പരാതികൾ അറിയിച്ചെങ്കിലും നടപടിയില്ല. വിവിധ വാർഡുകളിൽ വഴിവിളക്കുകൾ പ്രവർത്തന സജ്ജമാക്കിയാലും ഏതാനും ദിവസങ്ങൾക്കകം ചില പ്രദേശങ്ങളിൽ ഇത് പ്രവർത്തന രഹിതമാകും.
ടെണ്ടർ ഏറ്റെടുക്കുന്ന ഏജൻസികൾ ഗുണനിലവാരം കുറഞ്ഞ സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മീനച്ചിൽ കുടിവെളള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് കുത്തിപ്പൊളിച്ച മുട്ടം എംവിഐപി ഓഫീസിന് സമീപത്തും, ചളളാവയൽ - വളളിപ്പാറ പാതയിലേയും വഴിവിളക്കുകൾ ഏതാനും മാസങ്ങളായി പ്രവർത്തന രഹിതമാണ്.
പഞ്ചായത്ത് വഴിവിളക്കുകൾ പ്രവർത്തസജ്ജമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചെങ്കിലും അവസാന ദിവസമായ കഴിഞ്ഞ 10ന് ഒരു ടെൻഡർ മാത്രമാണ് ലഭിച്ചത്. വഴി വിളക്കുകൾ തെളിയ്ക്കുന്നതിന് കോട്ടയം കേന്ദ്രമായ ഏജൻസിയെ ചുമതലപ്പെടുത്തിയെന്നും അടുത്ത ദിവസം മുതൽ ജോലികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ അറിയിച്ചു.