സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷം
1592453
Wednesday, September 17, 2025 11:32 PM IST
മറയൂർ: സഹായഗിരി ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ മറയൂരിൽ നടന്നു.
സംഘശക്തി വിളിച്ചോതുന്ന വർണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കോവിൽക്കടവ് ടൗണ്‍ ചുറ്റി തെങ്കാശിനാഥൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. സഹായഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ബ്ലസിൻ എസ്ഡി അധ്യക്ഷത വഹിച്ചു. വിൻസിൻഷ്യൻ സഭാംഗം ഫാ. ടോണി മുഖ്യപ്രഭാഷണം നടത്തി. സഹായഗിരി പള്ളി വികാരി ഫാ. ജോയിസ് അഴിമുഖത്ത്, മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെൻട്രി തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സംഘാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ഫാ. ടോണി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിസ്റ്റർ ഫെമിലി ജോസ് എസ്ഡി സ്വാഗതവും ഐബി ജോസ് കുരിശിങ്കൽ നന്ദിയും പറഞ്ഞു.