ഹിറ്റാച്ചി മറിഞ്ഞ് ജീവനക്കാരൻ മരിച്ചു
1244821
Thursday, December 1, 2022 10:32 PM IST
കട്ടപ്പന: വാഴവരയിൽ ഹിറ്റാച്ചി മറിഞ്ഞ് ജീവനക്കാരൻ മരിച്ചു. മണ്ണുമാന്തി യന്ത്രം ലോറിയിലേയക്കു കയറ്റുന്നതിനിടെ യന്ത്രം തെന്നിമാറി തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. തമിഴ്നാട് തേനി മുതലാക്കംപെട്ടി 29 സൗത്ത് സ്ട്രീറ്റിൽ രഞ്ജിത്ത് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ വാഴവര കൗന്തിയിലാണ് അപകടം ഉണ്ടായത്.
യന്ത്രത്തിനുള്ളിൽ ഉണ്ടായിരുന്ന രഞ്ജിത് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഹിറ്റാച്ചിയുടെ അടിയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് ഹിറ്റാച്ചി ഉയർത്തിയാണ് കുടുങ്ങിക്കിടന്ന രഞ്ജിത്തിനെ പുറത്തെടുത്തത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കട്ടപ്പനയിൽനിന്നു ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ഫയർഫോഴ്സ് വാഹനത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
വാഴവര സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് മണ്ണുമാന്തി യന്ത്രം. മരിച്ച രഞ്ജിത്ത് വർഷങ്ങളായി ഹിറ്റാച്ചിയിലെ ജീവനക്കാരനാണ്. കട്ടപ്പന പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.