മാങ്കുളം സെറ്റിൽമെന്റിൽ അർഹതയുള്ളവർക്ക് പട്ടയം നൽകും
1281605
Monday, March 27, 2023 11:44 PM IST
മാങ്കുളം: മാങ്കുളം സെറ്റിൽമെന്റിലെ അർഹതയുള്ള എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. റവന്യു-വനഭൂമികളുടെ അതിർത്തി നിശ്ചയിച്ച് നിലവിലുള്ള പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഏപ്രിൽ 10 മുതൽ 20 വരെ റവന്യു, വനം, സർവേ എന്നീ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനാതിർത്തിയുടെ പരിശോധന നടത്തും.
കളക്ടറുടെ അധ്യക്ഷതയിൽ ദേവികുളം ആർഡിഒ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മേയ് ആദ്യവാരം മുതൽ വിശദമായ സർവേ നടപടികൾ സ്വീകരിക്കുന്നതിനും 31 നുള്ളിൽ അതിർത്തികൾ കൃത്യമായി തിട്ടപ്പെടുത്തുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഇടുക്കി ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുഭാഷ്, ജില്ലാ സർവേ സൂപ്രണ്ട് വിശ്വംഭരൻ തുടങ്ങിയവരും പങ്കെടുത്തു.