തോട്ടം മേഖലയിൽ ആവേശമായി ജോയ്സ്
1416119
Saturday, April 13, 2024 2:55 AM IST
പീരുമേട്: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് പീരുമേട് മണ്ഡലത്തിൽ പര്യടനം നടത്തി. വാളാർഡിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കണിക്കൊന്നപ്പൂക്കളും പനിനീർ പുഷ്പങ്ങളും നൽകി വാദ്യമേളങ്ങളോടെ സ്ഥാനാർഥിയെ ജനങ്ങൾ സ്വീകരിച്ചു.
തുടർന്ന് കറുപ്പ്പാലത്തും വള്ളക്കടവിലുമായിരുന്നു സ്വീകരണം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ചതായി ജോയ്സ് ജോർജ് സ്വീകരണ യോഗത്തിൽ പറഞ്ഞു.
ദേശീയപാതയിൽ വണ്ടിപ്പെരിയാറിൽ നിർമിച്ച പുതിയ പാലത്തിന് സമീപത്തായിരുന്നു അടുത്ത സ്വീകരണം. വീതി കുറഞ്ഞ നൂറ്റാണ്ട് പിന്നിട്ട പാലത്തിന് സമാന്തരമായി പത്തു കോടി ചെലവഴിച്ചാണ് 2017 ഫെബ്രുവരി 17ന് പുതിയപാലം നിർമാണം പൂർത്തീകരിച്ചത്. പീരുമേട് മണ്ഡലത്തിൽ 280 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് താൻ എംപിയായിരുന്ന 2014 മുതൽ 19 വരെ നടപ്പാക്കിയതെന്ന് സ്ഥാനാർഥി പറഞ്ഞു.
ജോയ്സ് ജോർജ് ഇന്ന് ഉടുന്പൻചോല മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ രാജാക്കാട് ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധയിടങ്ങളിൽ പര്യടനം നടത്തി നെടുങ്കണ്ടത്ത് സമാപിക്കും. സമാപന സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.