ശിലാസ്ഥാപനം
1546731
Wednesday, April 30, 2025 4:56 AM IST
മൂവാറ്റുപുഴ: കിഴക്കേക്കര ഈസ്റ്റ് ഗവ. ഹൈസ്കൂളിന് ഒരു കോടിയുടെ പുതിയ കെട്ടിടം. പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓണ്‍ലൈനായി നടത്തി. ശിലാസ്ഥാപനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. കിഴക്കേക്കരയിൽ 75 വർഷമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇപ്പോൾ 450ലധികം കുട്ടികൾ പഠിക്കുന്നുണ്ട്.
ഹൈസ്കൂൾ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് ശോചനീയാവസ്ഥയിലായിരുന്നു. കൂടുതൽ സ്ഥല സൗകര്യങ്ങളോടെ ആധുനികരീതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടിയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് സെക്ഷന്റെ മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റെ നിർമാണം നടത്തുന്നത്.
ഒന്‍പത് മാസംകൊണ്ട് പണി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 2475 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ നാല് ക്ലാസ് മുറികളോടെയും രണ്ടു മീറ്റർ വീതിയിലുള്ള വരാന്തകളോടയും സ്റ്റെയർ റൂമുകളോടെയുമാണ് കെട്ടിട നിർമാണം.