എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന്
1546718
Wednesday, April 30, 2025 4:53 AM IST
കോതമംഗലം: നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഒന്പത് വർഷമായി പുതിയ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തതിലും യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ഇതുവരെ പൂർത്തീകരിക്കാൻ കഴിയാത്തതിലും പ്രതിഷേധിച്ച് ആന്റണി ജോണ് എംഎൽഎയുടെ ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോണ്ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ, കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് എന്നിവർ അറിയിച്ചു.
രാവിലെ 10ന് മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനം എംഎൽഎ ഓഫീസിനു മുന്നിൽ എത്തിച്ചേരുന്പോൾ നടക്കുന്ന യോഗം കെപിസിസി വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യും.
കോതമംഗലത്തിന്റെ സ്വപ്ന പദ്ധതികളായിരുന്ന തങ്കളം - കാക്കനാട് പാത, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി, കോതമംഗലം റിംഗ് റോഡ് തുടങ്ങി യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിരവധി പദ്ധതികൾ നാളിതുവരെ പൂർത്തീകരിക്കാൻ കഴിയാത്തത് എംഎൽഎയുടെ അനാസ്ഥയും പിടിപ്പുകേടുമാണെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ പറഞ്ഞു.
ബ്ലാവന പാലം, ബംഗ്ലാകടവ് പാലം, ഇഞ്ചത്തൊട്ടി പാലം തുടങ്ങി മോഹനവാഗ്ദാനങ്ങൾ നൽകിയ എംഎൽഎ കോതമംഗലത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് കഴിയാത്ത എംഎൽഎ പരാജയമാണെന്നും ബ്ലോക്ക് പ്രസിഡന്റുമാർ കുറ്റപ്പെടുത്തി.