കൊച്ചിയുടെ പൈതൃക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്സൈറ്റുമായി ജിസിഡിഎ
1547173
Thursday, May 1, 2025 4:47 AM IST
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത മാപ്പിംഗ് പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും പഠനരേഖ പ്രകാശനവും നാളെ വൈകിട്ട് ഏഴിന് ടിഡിഎം ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും 200 ഓളം വരുന്ന പൈതൃക ഇടങ്ങളുടെ ചരിത്രവും നിലവിലെ അവസ്ഥയും ഉള്‍പ്പെട്ടിട്ടുള്ള വിവരങ്ങള്‍ തയാക്കിയിരിക്കുന്നത്.
എഴുത്തുകാരനും ചരിത്രഗവേഷകനുമായ ബോണി തോമസാണ്. വെബ് സൈറ്റില്‍ പ്രവേശിച്ചാല്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ എല്ലാ പൈതൃക ഇടങ്ങളുടെയും പേരും സ്ഥാനവും സാറ്റലൈറ്റ് മാപ്പിലായി ഒരു വിന്‍ഡോയില്‍ കാണാനാകും. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് രണ്ടു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം എ.ബി. സാബു, എ.എസ്. അനില്‍കുമാര്‍, ഇന്ദു വിജയനാഥ്, ബോണി തോമസ്, ഒ. ശ്രീകാന്ത്, എസ്. സുഭാഷ്, മഞ്ജു ജവഹര്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.