വില്ലേജ് ഓഫീസർ നിയമനം : വിവാദ ഉത്തരവ് പിൻവലിച്ചു ജില്ലാ ഭരണകൂടം
1547165
Thursday, May 1, 2025 4:47 AM IST
കാക്കനാട്: റവന്യു ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവിൽ സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിയുടെ പേര് ഉൾപ്പെടുത്തിയതിനെ ചൊല്ലി പ്രതിപക്ഷ സർവീസ് സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്ത് വന്നത് വിവാദത്തിലേക്ക്. ഒടുവിൽ വിവാദ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
ഒരു മാസത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന വില്ലേജ് ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു ചൂണ്ടിക്കാട്ടി സിപിഎ മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു കളക്ടർക്ക് നിവേദനം നൽകിയിരിരുന്നു. റവന്യൂവകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി കളക്ടർക്ക് നിവേദനം നൽകിയതുകൊണ്ടാണ് കാക്കനാട് വില്ലേജ് ഓഫീസിൽ നിയമനം നടത്തുന്നതെന്ന സൂചനയോടെ റവന്യൂ അധികൃർ നിയമന ഉത്തരവ് നൽകുകയായിരുന്നു.
കാക്കനാട് വില്ലേജ് ഓഫീസറുടെയും കെഎംആർഎൽ റവന്യൂ ഇൻസ്പെക്ടറുടേയും സ്ഥലംമാറ്റ ഉത്തരവിലാണ് സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിയുടെ നിവേദനത്തെ തുടർന്നുള്ള സ്ഥലം മാറ്റമെന്ന് രേഖപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ പുതിയ നിയമന ഉത്തരവ് ഇറക്കി കളക്ടറേറ്റ് റവന്യൂ വിഭാഗം പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയെങ്കിലും വകുപ്പ് ഭരിക്കുന്ന സിപിഐയും അവരുടെ സംഘടനയായ ജോയിന്റ് കൗൺസിലും ചേർന്ന് നടത്തുന്ന സ്ഥലംമാറ്റ അഴിമതിക്കുള്ള ഉദാഹരണമാണ് ഉത്തരവിലെ പരാമർശമെന്ന് ആരോപിച്ച് മറ്റു സർവീസ് സംഘടനകൾ രംഗത്തു വന്നതോടെയാണ് അധികാരികൾ ഉത്തരവ് പരിഷ്കരിച്ച് പുറത്തിറക്കിയത്.
സ്ഥലം മാറ്റഉത്തരവിൽ പാർട്ടി നേതാക്കളുടെ പേര് ചേർക്കുന്നത് ചട്ടവിരുദ്ധമായതിനാലാണ് വിവാദ ഉത്തരവ് പിൻവലിച്ചത്.