ഹിയറിംഗ് എയ്ഡ് വിതരണം നടത്തി
1547172
Thursday, May 1, 2025 4:47 AM IST
കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ കേള്‍വി സംബന്ധമായ പ്രശ്നങ്ങളുള്ള 126 പേര്‍ക്ക് ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍ സൗജന്യ ഹിയറിംഗ് എയിഡ് വിതരണം നടത്തി. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നടന് അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പിന്തുണയോടെ സ്വരൂപ് ചാരിറ്റബിള്‍ ഫൗണ്ടഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നേരിട്ടും അല്ലാതെയും ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും കേള്‍വി ശക്തി പരിശോധിച്ച് അവരവരുടെ ചെവികള്‍ക്ക് അനുസൃതമായ മോള്‍ഡുകള്‍ നിര്‍മിച്ച് ഹിയറിംഗ് എയിഡുകള്‍ അപ്പോള്‍ തന്നെ സ്ഥാപിച്ച് നല്‍കുകയായിരുന്നു.
കൗണ്‍സിലിംഗും സൗജന്യ ബാറ്ററിയും തുടര്‍ന്നും ലഭ്യമാക്കുമെന്ന് സ്വരൂപ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഡയറക്ടര്‍ സുരേഷ് ജെ. പിള്ള പറഞ്ഞു. ഫെഡറല്‍ ബാങ്ക് കലൂര്‍ ബ്രാഞ്ച് മാനേജര്‍ ആന്‍സണ്‍ ആന്റണി, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷ മാലിനി കുറുപ്പ്, കൗണ്‍സിലര്‍ മനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.