കാട്ടാന ആക്രമണത്തിൽനിന്ന് ഭയന്നോടി : ഒന്നര മാസത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത് രണ്ടുപേർ
1546719
Wednesday, April 30, 2025 4:53 AM IST
കോതമംഗലം: കോതമംഗലം താലൂക്കിൽ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തിൽനിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേർ. പിണവൂർകുടിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കിൽ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കുഴഞ്ഞുവീണ് മരിച്ചത്.
കോട്ടപ്പടി കൂവക്കണ്ടത്തും സമാന രീതിയിൽ ഒരു കർഷകന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പാന്പലായം കുഞ്ഞപ്പനാണ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നതിനിടെ കുഞ്ഞപ്പൻ കുഴഞ്ഞുവീഴുകയായിരുന്നു.
മലയോര ഗ്രാമങ്ങളിൽ കർഷകരെ ഇത്തരം ദുരന്തങ്ങളേിലേക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥരും സർക്കാരും നിസ്സംഗത പാലിക്കുകയാണ്. നിരന്തരം ആന ശല്യമുള്ള പ്രദേശമാണ് വനത്തിന് അടുത്തുള്ള പിണവൂർകുടി.
കൃഷി നശിപ്പിക്കുന്നതും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുന്നതും പതിവാണ്. ഇവിടെ മനുഷ്യരെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയിട്ടുമുണ്ട്. രാത്രിയിൽ പടക്കം പൊട്ടിച്ചും ഒച്ചവച്ചുമാണ് നാട്ടുകാരും വനപാലകരും ആനകളെ ഓടിക്കുന്നത്.
കൂട്ടുകാർക്കൊപ്പമുള്ള ഇന്നലത്തെ പ്രകാശിന്റെ ദൗത്യം മരണത്തിലാണ് കലാശിച്ചത്. പ്രകാശിന്റെ മരണം വന്യജീവി ആക്രമണത്തേതുടർന്നുള്ളതായി കണക്കാക്കണമെന്നും കുടുബത്തിന് സഹായം ലഭ്യമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.