കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
1547194
Thursday, May 1, 2025 5:10 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ മാരുതി ജംഗ്ഷനു സമീപം കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ പണ്ടപ്പിള്ളി സാന്പ്രക്കൽ സി.ബി. ജോയി (52), മകൾ ആൻ ജോയി (19), കൊല്ലം ചെരുവിലെ തെങ്ങുംവിള ടോണി ഷിബു (14), ഷിബു മാത്യു (46) എന്നിവർക്കാണ് പരിക്കേറ്റത്.
പാലാ ഭാഗത്തുനിന്നു വരുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മറുവശത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാർ പിന്നോട്ട് ഉരുളുകയും റോഡിലൂടെ പോയ മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടം.
അപകടത്തിൽ പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്നു നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനം ഇടിച്ചു കയറി സമീപത്തെ വർക്ക് ഷോപ്പിന്റെ മുൻഭാഗത്തെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.