മൂവാറ്റുപുഴ നഗര വികസനം : ഗതാഗത ക്രമീകരണം വലിയ വാഹനങ്ങൾക്ക് ദുരിതമാകുന്നു
1546717
Wednesday, April 30, 2025 4:53 AM IST
മൂവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായി മാറാടി - കായനാട് റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം വലിയ വാഹനങ്ങൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ ആറ് തവണ ഈ റൂട്ടിൽ വലിയ വാഹനങ്ങൾ വൈദ്യുതി ലൈനിൽ തട്ടിയതിനെതുടർന്ന് ഗതാഗതം തടസപ്പെടുകയും മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം കായനാട് വാഹനംതട്ടി വൈദ്യുതി ലൈൻ പൊട്ടിവീഴുകയും ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസപ്പെടുകയുമുണ്ടായി. ഊരമന ശിവലി ഭാഗത്തെ ലിഫ്റ്റ് ഇറിഗേഷൻ അക്വഡറ്റിന് സമീപം കണ്ടെയ്നർ പോലുള്ള ഉയരം കൂടിയ വാഹനങ്ങൾ ഇടയ്ക്കിടെ തട്ടുന്നതും പതിവാണ്.
ഇവിടെയെത്തുന്ന വലിയ വാഹനങ്ങൾക്ക് മുന്നോട്ട് പോകാനാകാത്ത അവസ്ഥയിൽ ഏകദേശം 500 മീറ്ററോളം പിന്നോട്ട് പോകേണ്ടി വരുന്നതിനാൽ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്.
ഇതിനു പുറമെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞതും അപകടഭീഷണി ഉയരുന്നുണ്ട്. കായനാട് കവല മുതൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുവരെ അറ്റകുറ്റപ്പണി പോലും നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.
മൂവാറ്റുപുഴ നഗരത്തിൽ നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മാറാടി - കായനാട് റൂട്ടിലൂടെ വാഹനങ്ങൾ തിരിച്ചു വിടുന്നത്. വലിയ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടണമെന്നും റോഡിലെ ഇടിഞ്ഞ ഭാഗങ്ങൾ അടിയന്തരമായി നന്നാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.