വേനൽ മഴയും കൊടുങ്കാറ്റും കോതമംഗലത്ത് 50 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്
1547193
Thursday, May 1, 2025 5:10 AM IST
കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കൊടുങ്കാറ്റിലും 50 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രാഥമിക കണക്ക്. വിവിധ പഞ്ചായത്തുകളിൽനിന്നും നഗരസഭയിൽനിന്നും ലഭിച്ച പ്രാഥമികമായ വിവരമനുസരിച്ച് 5000 കുലച്ച ഏത്തവാഴകളും കുലയ്ക്കാത്ത 2600 ഏത്തവാഴകളും ഏഴു ഹെക്ടർ സ്ഥലത്തെ കപ്പ കൃഷിയും 650 ടാപ്പ് ചെയ്യുന്ന റബർ മരങ്ങളും 237 തൈ റബറും, 100 ജാതി, 50 കൊക്കോ മരങ്ങൾ, 10 തെങ്ങ് എന്നിവയ്ക്ക് നഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പിണ്ടിമന, കോതമംഗലം നഗരസഭ, വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലാണ് കൂടതലായി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രാഥമികമായി 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
10 വീടുകള്‍ക്ക് ഭാഗികനാശം
കോതമംഗലം: കഴിഞ്ഞ ദിവസം വൈകിട്ട് വേനല്‍മഴയ്ക്കൊപ്പമുണ്ടായ കൊടുങ്കാറ്റില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ 10 വീടുകള്‍ക്ക് ഭാഗികനാശം. വാരപ്പെട്ടി, പിണ്ടിമന, നെല്ലിക്കുഴി, പല്ലാരിമംഗലം പഞ്ചായത്തുകളിലായിട്ടാണ് വീടുകള്‍ക്ക് കേടുപാടുണ്ടായത്. വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂര്‍ പാറേക്കുടി സാറാമ്മ കുര്യന്, ഇടപ്പാട്ട് ശശി എന്നിവരുടെ വീടുകള്‍ക്ക് മുകളിൽ മരം വീണ് വലിയ നാശമാണുണ്ടായത്.
സാറാമ്മയുടെ വീടിന് മുകളിലേക്ക് തേക്കും മാവും അടക്കമുള്ള മരങ്ങളാണ് കടപുഴകി വീണത്. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകള്‍ക്ക് മുകളിൽ മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്.