വേതുചിറ ശുചീകരണം ആരംഭിച്ചു
1547181
Thursday, May 1, 2025 4:55 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലായുള്ള വേതു ചിറയുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചിറയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത ശേഷം പായൽനീക്കുന്നിതിനിടെ ഫ്ളോട്ടിംഗ് ജെസിബിക്ക് യന്ത്രത്തകരാർ നേരിട്ടിരുന്നു. രണ്ടാഴ്ചയായി നിലച്ച ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഇടപെട്ടതിനെ തുടർന്നാണ് പുനരാംരംഭിച്ചത്.
ചിറയിലെ പായൽനീക്കം ചെയ്ത ശേഷം ചിറയിൽ നിന്ന് കരയിലിട്ട മണ്ണ് വീണ്ടും ചിറയിലേയ്ക്ക് ഒലിച്ചിറങ്ങാത്ത വിധം നീക്കണമെന്ന് പ്രദേശം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകി. വേതുചിറയുടെ വികസനത്തിനായി പഞ്ചായത്ത് ഭരണസമിതി പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ പറഞ്ഞു.
ശുചീകരണത്തിനായി അഞ്ച് ലക്ഷം രൂപയും, ചിറ ഭിത്തി സംരക്ഷണത്തിനായി അഞ്ച് ലക്ഷം രൂപയും നീക്കിവച്ചതു കൂടാതെ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയുടെ പടിഞ്ഞാറ് ഭാഗത്ത് മേയ്ക്കാട്- ചമ്പന്നൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താന്തോണി പാലം നവീകരിച്ച് നിർമിക്കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വാർഡ് മെമ്പർമാരായായ വനജ സന്തോഷ്, അബിത മനോജ്, പി.ഡി. തോമസ് എന്നിവരും പ്രദേശം സന്ദർശിച്ചു.