വയോധികന് കുഴഞ്ഞുവീണു മരിച്ചു
1547160
Thursday, May 1, 2025 4:31 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വഴിയോര വസ്ത്ര വില്പന നടത്തിയിരുന്ന വയോധികന് കുഴഞ്ഞുവീണു മരിച്ചു. നാഗര്‍കോവില്‍ സ്വദേശി മസൂദ് (80) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഇദ്ദേഹത്തെ പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 40 വര്‍ഷത്തിലേറെയായി മസൂദ് കൊച്ചിയിലെത്തിയിട്ട്. ബന്ധുക്കളുമായി ബന്ധമൊന്നുമില്ല. അതേസമയം നോര്‍ത്ത് പരിസരത്ത് ആക്രി സാധനങ്ങള്‍ പെറുക്കി വില്പന നടത്തുന്ന യുവാവ് രാത്രിയില്‍ മസൂദുമായി വഴക്കുണ്ടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മദ്യപിക്കാന്‍ പണം ചോദിച്ചെത്തിയ ഇയാള്‍ മസൂദിനെ മര്‍ദിച്ചതായും പറയുന്നു. തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണതെന്നാണ് പ്രദേശത്തെ കച്ചവടക്കാര്‍ പറയുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.യുവാവ് പോലീസ് നിരീക്ഷണത്തിലാണ്.
മസൂദിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ഇതിനുശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.