നഗരസഭയ്ക്കു വേണ്ടി നിര്‍മിക്കുന്ന മൂന്നാമത്തെ റോ-റോയുടെ സ്റ്റീല്‍ കട്ടിംഗ് ചടങ്ങ് നടന്നു
1547161
Thursday, May 1, 2025 4:31 AM IST
കൊച്ചി: കൊച്ചിയുടെ ജലഗതാഗതയാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന, മൂന്നാമത്തെ റോ-റോയുടെ നിര്‍മാണത്തിന് മുന്നോടിയായുള്ള സ്റ്റീല്‍ കട്ടിംഗ് ചടങ്ങ് കൊച്ചി കപ്പല്‍ശാലയില്‍ നടന്നു. മേയര്‍ എം. അനില്‍കുമാര്‍ സ്റ്റീല്‍ കട്ടിംഗ് നിര്‍വഹിച്ചു.
ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, പ്രതിപക്ഷ നേതാവ് ആന്റണി കൂരീത്തറ, എസ്.ശശികല, കെഎസ്ഐഎന്‍സി എംഡി ആര്. ഗിരിജ, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് ചെയര്മാന് മുഹമ്മദ് ഇക്ബാല്‍, മാനേജിംഗ് ഡയറക്ടര്‍ ടി.ജി. ഉല്ലാസ്, കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭയ്ക്കു വേണ്ടി നിര്‍മിക്കുന്ന മൂന്നാമത്തെ റോ റോയാണിത്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ 14.9 കോടി മുടങ്ങി നിര്‍മിക്കുന്ന റോറോ വെസലിന് 28.43 മീറ്റര്‍ നീളവും 8.25 മീറ്റര്‍ വീതിയുമുണ്ട്.
ആറ് നോട്ടിക്കല്‍ മൈല്‍ വേഗത ഉണ്ടാകും. നാല് ലോറികള്‍, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിങ്ങനെ വഹിക്കാന്‍ ശേഷിയുള്ളതാണീ വെസല്‍. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നതാണ് ആവശ്യമെന്ന് മേയര്‍ പറഞ്ഞു.