കോതമംഗലം താലൂക്കിൽ കാറ്റിലും മഴയിലും വ്യാപകനാശം
1546716
Wednesday, April 30, 2025 4:53 AM IST
കോതമംഗലം: താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റില്‍ വ്യാപകനാശം സംഭവിച്ചു. മലയിന്‍കീഴ് ജംഗ്ഷനില്‍ മരം റോഡിലേക്ക് ഒടിഞ്ഞുവീണു. തണല്‍മരമാണ് വീണത്. രാമല്ലൂര്‍-മുത്തംകുഴി റോഡിലും മരം വീണു. ഇതേത്തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.
അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പല്ലാരിമംഗലത്ത് ഗവണ്മെന്റ് വിഎച്ച്എസ്എസിന്റെ മേച്ചില്‍ ഷീറ്റ് കാറ്റില്‍ പറന്നുപോയി. പ്രൈമറി വിഭാഗത്തിന്റെ കെട്ടിടത്തിലാണ് നാശമുണ്ടായത്.
അടിവാട് തെക്കേക്കവലയിലും മരം റോഡിലേക്ക് കടപുഴകി വീണു. പിണ്ടിമന, മുത്തംകഴി, അടിവാട്, മൈലൂർ ഭാഗങ്ങളിലും ശക്തമായ കാറ്റിൽ വീണ നിരവധി മരങ്ങൾ അഗ്നിരക്ഷാസേന എത്തി വെട്ടിമാറ്റി. വൈദ്യുതി വിതരണ ശൃംഖലയ്ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
പോസ്റ്റും ലൈനും തകര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു. അതിശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.