കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായിട്ടും ഒപി ബ്ലോക്ക് തുറക്കുന്നില്ല
1547169
Thursday, May 1, 2025 4:47 AM IST
തോപ്പുംപടി: നിർമാണം പൂർത്തീകരിച്ച കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ളോക്ക് തുറന്ന് നൽകാതായതോടെ രോഗികൾ ദുരിതത്തിൽ. മാസങ്ങൾക്ക് മുമ്പാണ് നവീകരണത്തിനായി ഒപി ബ്ലോക്ക് അടച്ചതിനെ തുടർന്ന് ആശുപത്രിയിലെ മറ്റൊരിടത്താണ് ഒപി ബ്ലോക്ക് പ്രവർത്തിച്ചിരുന്നത്.
ബസ് സ്റ്റോപ്പിന് സമീപത്തെ താത്കാലികമായി ഉണ്ടാക്കിയ ചെറിയ ഗേറ്റ് വഴിയാണ് നിലവിൽ രോഗികൾതാത്കാലിക ഒപി ബ്ലോക്കിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ എത്തുന്ന രോഗികൾക്ക് വാഹനം പാർക്ക് ചെയ്യുവാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. നാളുകളായി നവീകരിച്ച ഒപി ബ്ലോക്ക് തുറന്നു നൽകണമെന്ന് ആവശ്യം ഉയർന്നിട്ടും അധികൃതർ തയാറാകുന്നില്ല.
ഉദ്ഘാടകന്റെ തിയതി ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്നാണ് പറയുന്നത്. അതേ സമയം നവീകരിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്ന് വാർഡ് കൗൺസിലർ ബാസ്റ്റിൻ ബാബു പറഞ്ഞു.
സൂപ്രണ്ടിന്റെ പ്രവർത്തനം ആശുപത്രിയുടെ ആകെയുള്ള പ്രവർത്തനത്തെ പിന്നോട്ട് വലിക്കുന്ന സാഹചര്യമാണെന്നും നിലവിലെ എച്ച്എംസി കമ്മിറ്റി പോലും വിളിച്ചു ചേർക്കുവാൻ സൂപ്രണ്ട് തയാറാകുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഒപി ബ്ലോക്ക് രോഗികൾക്ക് അടിയന്തരമായി തുറന്നു നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.