വീടിനു ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന പരാതിയില്‍ പരിഹാരം വേണം: കമ്മീഷന്
1547158
Thursday, May 1, 2025 4:31 AM IST
കൊച്ചി : എണ്‍പതുകാരിയുടെ വീടിന് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പരാതിക്കാരനും മരങ്ങളുടെ ഉടമയ്ക്കും നോട്ടീസ് നല്കി ഇരുവരെയും നേരില്‍ കേട്ട ശേഷം പഞ്ചായത്ത് രാജ് നിയമം സെക്ഷന്‍ 238 പ്രകാരം നടപടിയെടുക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
പരിഹാര നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആലുവ തഹസില്‍ദാറുടെ നിഗമനങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ടു മാസത്തിനകം കമ്മീഷനെ രേഖാമൂലം അറിയിക്കണം.
ആലുവ അമ്പാട്ടുകടവ് സ്വദേശി എം.ജി. രാധാകൃഷ്ണന് സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്. 2022 ജൂലൈ എട്ട് മുതല്‍ പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. എറണാകുളം ജില്ലാ കളക്ടറും പഞ്ചായത്ത് സെക്രട്ടറിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.