സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മന്ത്രി രാജീവ്
1547157
Thursday, May 1, 2025 4:31 AM IST
കൊച്ചി: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ജീവനക്കാരുടെ ശമ്പളമോ പെന്‍ഷനോ മുടങ്ങാതെ നല്കാന് നാളിതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി വിഹിതം സംസ്ഥാന സര്‍ക്കാരുമായി പങ്കുവെയ്ക്കേണ്ട ബാധ്യത ഉള്ളതിനാല്‍ നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രത്തിന് മാത്രം അവകാശപെട്ട സെസും സര്‍ചാര്‍ജും ഈടാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്.
ഉത്പാദന മേഖലയില്‍ മുന്നേറ്റമുണ്ടാക്കി ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിരമിച്ച ജീവനക്കാര്‍ സംരഭക മേഖലയിലേക്ക് കടന്നുവരുന്ന പ്രവണത സംസ്ഥാനത്തുണ്ട്. ഈ മാറ്റത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.
മാലിന്യമുക്ത കേരളമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പില്‍ വിരമിച്ച ജീവനക്കാര്‍ക്ക് മികച്ച പങ്കാളിത്തം വഹിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പ്രസിഡന്റ് എന്‍. സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍. എ.പി. ജോസ്, സി.കെ. ഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേന്ദ്ര മൈതാനത്തുനിന്ന് മറൈന്‍ ഡ്രൈവിലേക്ക് നടന്ന പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കി. സാംസ്കാരിക സമ്മേളനം സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്തു.
വനിതാ സമ്മേളനത്തിന്റെ ഉദ്ഘാടനം ഉമാതോമസ് എംഎല്‍എ നിര്‍വഹിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു.