കെട്ടിട പെര്‍മിറ്റിന് കൈക്കൂലി : കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയില്‍
1547155
Thursday, May 1, 2025 4:31 AM IST
പ്രതി സ്വപ്ന വിലജന്സ് തയാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടയാൾ
കൊച്ചി: കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. കോര്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് സെക്ഷന്‍ ഓവര്‍സിയറായ തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇദ്ദേഹം പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള അഞ്ചുനില കെട്ടിടത്തിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി നഗരസഭയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്ഥല പരിശോധന നടത്തിയ സ്വപ്ന, പെര്‍മിറ്റ് അനുവദിക്കുന്നതിന് ഓരോ കെട്ടിടത്തിനും 5000 രൂപ വച്ച് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ഇത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ അത് കുറച്ച് 15000 രൂപയാക്കി. തുടര്‍ന്ന് പരാതിക്കാരന് ഇക്കാര്യം എറണാകുളം വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ പണവുമായി വൈറ്റിലയില്‍ എത്താന്‍ സ്വപ്ന നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈകിട്ട് പൊന്നുരുന്നി അമ്പലത്തിന് സമീപം സ്വന്തം കാറില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 15000 രൂപ കൈക്കൂലി വാങ്ങവെ കെണിയൊരുക്കി കാത്തിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
രാസപരിശോധനയില്‍ പണം കൈപ്പറ്റിയത് തെളിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിലജന്സ് തയാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്ന.