കളക്ടർ ഇടപെട്ടു : കാക്കനാട് പുതിയ വില്ലേജ് ഓഫീസറെത്തി
1546701
Wednesday, April 30, 2025 4:33 AM IST
കാക്കനാട്: ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നിർദേശപ്രകാരം കാക്കനാട്ടെ വില്ലേജ് ഓഫീസിൽ പുത്രിയ ഓഫീസർ ചുമതലയേറ്റു. തൃക്കാക്കര നഗരസഭയുടെ പ്രധാന മേഖലകൾ ഉൾപ്പെടുന്ന വില്ലേജ് ഓഫീസിൽ ഫയലുകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് ഒന്നര മാസം കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയനിയമനം.
കളക്ടറേറ്റ് മെട്രോ വിഭാഗം തഹസിൽദാർ ഓഫീസ് യൂണിറ്റ് 2ൽ ജീവനക്കാരിയായ കെ.ബി. ബിന്ദു കാക്കനാട് വില്ലേജ് ഓഫീസറുടെ ചുമതല വഹിക്കും. വില്ലേജ് ഓഫീസർ ഇല്ലാതായതോടെ നൂറുകണക്കിന് ഓൺലൈൻ ഓഫ്ലൈൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബുവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രമേഷ് വി. ബാബുവും തിങ്കളാഴ്ച കളക്ടറെ നേരിൽകണ്ട് കാക്കനാട്ട് പുതിയ വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വാഴക്കാല വില്ലേജ് ഓഫീസറാണ് പകരം ചുമതല വഹിച്ചിരുന്നത്. വില്ലേജ് ഓഫീസറായി നിയമിതയായ ഉദ്യോഗസ്ഥ ലീവ് എടുത്ത് പോയതോടെയാണ് കാക്കനാട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായത്.