മഹാരാജാസ് ഹോക്കി ഗ്രൗണ്ട് പത്ത് ദിവസത്തിനകം തയാറാകും
1547162
Thursday, May 1, 2025 4:31 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ സിന്തറ്റിക് ഹോക്കി ടര്‍ഫ് നിര്‍മാണം പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ശനിയാഴ്ച ഗ്രൗണ്ടില്‍ ജലപരിശോധന നടത്തും. പമ്പ് ഹൗസ് നിര്‍മാണമുള്‍പ്പെടെയുള്ള ജോലികളാണ് ഇനി അവശേഷിക്കുന്നത്.
ടര്‍ഫ് നനച്ച ശേഷം മാത്രമാണ് ഹോക്കി മത്സരം നടത്താനാവുക. മത്സരത്തിന്റെ രണ്ട് ഇടവേളകളിലായി 58,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കേണ്ടി വരിക. ടര്‍ഫ് തുടര്‍ച്ചയായി നനയ്ക്കുന്നതിന് ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കാണ് ഗ്രൗണ്ടില്‍ നിര്‍മിച്ചിരിക്കുന്നത്. ടാങ്കിന്റെ മുകള്ഭാഗത്തായിരിക്കും പമ്പ് ഹൗസ്. പരിക്കുകള്‍ ഒഴിവാക്കാനാണ് ഹോക്കി മത്സരത്തിന് മുമ്പ് ടര്‍ഫ് നനയ്ക്കുന്നത്.
ഗ്രൗണ്ടില്‍ ലെറ്റുകള്‍ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ആകെ ആറ് ഫ്ലഡ്ലിറ്റുകളാണ് സ്ഥാപിക്കുക. ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ജോലികളും രണ്ട് ദിവസത്തിനകം പൂര്‍ത്തിയാവും.
സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക് ടര്‍ഫാണ് മഹാരാജാസിലേത്. തിരുവനന്തപുരം ജി.വി. രാജ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയാണ് മറ്റുള്ളവ. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ (സിഎസ്എംഎല്‍) 9.51 കോടി രൂപ വിനിയോഗിച്ചാണ് സിന്തറ്റിക് ഹോക്കി സ്റ്റേഡിയം നിര്‍മിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോര്‍ട്സ് ടെക് ലിമിറ്റഡിനാണ് സ്റ്റേഡിയം നിര്‍മാണച്ചുമതല.