കുടിവെള്ള സമരം അടിച്ചമർത്താൻ നോക്കേണ്ടെന്ന് നാട്ടുകാർ
1546702
Wednesday, April 30, 2025 4:33 AM IST
വൈപ്പിൻ: ജീവനക്കാരുടെ ധാർഷ്ട്യം കൊണ്ടോ കള്ളപ്പരാതികൾ നൽകിയതുകൊണ്ടോ കുടിവെള്ളത്തിനായുള്ള എടവനക്കാട്ടുകാരുടെ വീര്യം കെടുത്താനാകില്ലെന്ന് വാട്ടർ അഥോറിട്ടി അധികൃതർക്ക് നാട്ടുകാരുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കുടിവെള്ളമാവശ്യപ്പെട്ട് പറവൂർ വാട്ടർ അഥോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഏതാനും വാർഡംഗങ്ങളുടെയും ഒപ്പമെത്തിയവരെ എൻജിനീയർ മറ്റു ജീവനക്കാരെ ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചെന്നും, കള്ള പരാതി നൽകി പോലീസ് കേസിൽ കുടുക്കിയെന്നു മാരോപിച്ചാണ് നാട്ടുകാർ ഇത്തരത്തിൽ പ്രതികരിച്ചത്.
നിരന്തരമായി കുടിവെള്ളം മുടങ്ങുന്ന എടവനക്കാട് തീരദേശ മേഖലയായ ഒന്ന്, 13 വാർഡുനിവാസികൾക്ക് എൻജിനീയർ നൽകിയ വാഗ്ദാനങ്ങൾ പല കുറി പാഴായ സാഹചര്യത്തിലാണത്രേ ജനങ്ങളും ജനപ്രതിനിധികളും വാട്ടർ അഥോറിട്ടി ഓഫീസിലെത്തിയത്. ഈ സമയം ജനങ്ങളെ കണ്ട് ഭയന്ന എൻജിനീയർ ആദ്യം മുങ്ങിയതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നാണ് സമരക്കാർ പറയുന്നു.
തുടർന്നാണ് ജീവനക്കാരെ ഉപയോഗിച്ച് സ്ത്രീകൾ അടക്കമുള്ള സമരക്കാരെ തുരത്താൻ നോക്കിയത്. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോൾ എൻജിനിയർക്ക് നേരെ വരേണ്ടി വന്നെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
മൂന്നിന് മുമ്പ് കുടിവെള്ളമെത്തിക്കും രേഖാമൂലമുള്ള ഉറപ്പ്
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളമെത്താത്ത ഒന്ന്, 13, തീരദേശ വാർഡുകളിൽ അടുത്ത മാസം മൂന്നിന് മുമ്പായി കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റിനും നാട്ടുകാർക്കും പറവൂർ വാട്ടർ അഥോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം പ്രസിഡന്റ് അസീന അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ വാർഡുമെമ്പർമാരും നാട്ടുകാരും പറവൂരിലെ വാട്ടർ അഥോറിട്ടി ഓഫീസ് ഉപരോധിച്ച് നടത്തിയ എട്ടു മണിക്കൂറോളം നീണ്ട സമരത്തിനൊടുവിലാണ് വാട്ടർ അഥോറിട്ടി അധികൃതർ ഇത്തരം ഉറപ്പ് നൽകിയത്.