വേലിയേറ്റത്തില്‍ മുങ്ങി കലൂര്‍ അംബേദ്കര്‍ നഗര്‍
1546699
Wednesday, April 30, 2025 4:33 AM IST
കൊച്ചി: ശക്തമായ വേലിയേറ്റത്തില്‍ കലൂര്‍ അംബേദ്കര്‍ നഗറിലെ 150ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. കലൂര്‍ ജഡ്ജസ് അവന്യു റോഡുമായി ചേര്‍ന്നു കിടക്കുന്ന പേരണ്ടൂര്‍ കനാല്‍ നിറഞ്ഞു കവിഞ്ഞതാണ് സമീപപ്രദേശങ്ങളിൽ വെള്ളം കയറാന്‍ കാരണമായത്.
കാനകളില്‍ നിറഞ്ഞുനില്ക്കുന്ന മലിനജലം വീടുകള്‍ക്കുള്ളിലേക്ക് കയറുന്നത് പകര്‍ച്ച വ്യാധികള്ക്കുവരെ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് പ്രദേശ വാസികള്‍. കഴിഞ്ഞ മൂന്നു ദിവസമായി വേലിയേറ്റ വെള്ളപ്പൊക്കങ്ങളില്‍ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികള്‍.
കഴിഞ്ഞ രണ്ടു മാസങ്ങളിലും ഇതുപോലെ ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്ന വേലിയേറ്റം ഉണ്ടായിരുന്നു. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാ യില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.