പുലിപ്പല്ല് നല്കിയ രഞ്ജിത്തിനായി അന്വേഷണം
1546691
Wednesday, April 30, 2025 4:13 AM IST
കൊച്ചി: റാപ്പ് ഗായകൻ വേടന് (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ല് നല്കിയ രഞ്ജിത്തിനായി വനം വകുപ്പിന്റെ അന്വേഷണം. ശ്രീലങ്കയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചെന്നൈയിലെ ഒരു ഷോയ്ക്കിടെ രഞ്ജിത് ഇത് സമ്മാനിട്ടതാണെന്ന വേടന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണിത്.
ഇൻസ്റ്റാഗ്രാമില്‍ രഞ്ജിത്തിനെ ഫോളോ ചെയ്യുന്നുണ്ടെന്ന് വേടന് വനം വകുപ്പിനോട് വ്യക്തമാക്കി. ഇതിന്റെ ചുവടുപിടിച്ച് ഞ്ജിത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
അതേസമയം രഞ്ജിത്തിനെ പരിചയമില്ലെന്ന വേടന്റെ വാദം വനം വകുപ്പ് മുഖവിലയ്ക്കെടുത്തിട്ടില്ല. വേടന്റെ മാതാവ് ശ്രീലങ്കയില്‍ നിന്നാണ്. രഞ്ജിത്തിനും ശ്രീലങ്കന്‍ ബന്ധമുള്ളതിനാല്‍ ഈ കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
നിലവില്‍ വേടന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണെങ്കിലും മറ്റൊരു മൊബൈലില്‍ വേടന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പണ്‍ ചെയ്യിച്ചാകും രഞ്ജിത്തിലേക്ക് വനം വകുപ്പ് എത്തുക. രഞ്ജിത്താണ് പുലിപ്പല്ല് കൈമാറിയതെന്ന് വ്യക്തമായാല്‍ വേടനെതിരെ ചുമത്തിയ നായാട്ട് വകുപ്പ് ഒഴിവാക്കും. എന്നാല്‍ പുലിപ്പല്ല് കൈവശം വച്ച കുറ്റം നിലനില്‍ക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയില്‍ എടുത്തത്. കഞ്ചാവ് കൈവശംവച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പുലിപ്പല്ല് കേസിലെ അറസ്റ്റ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഞ്ചാവ് നല്‍കിയവര്‍ക്കായും അന്വേഷണം
വേടന് പ്രതിയായ കഞ്ചാവ് കേസില്‍ ചാലക്കുടി സ്വദേശിക്കായി പോലീസും അന്വേഷണം തുടങ്ങി. ചാലക്കുടി സ്വദേശിയായ യുവാവാണ് കഞ്ചാവ് നല്‍കിയതെന്നാണ് മൊഴി. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. മറ്റ് ആളുകളില്‍ നിന്നും കഞ്ചാവ് വാങ്ങിയിട്ടുണ്ടോ, ലഹരി സംഘങ്ങളുമായി ബന്ധം ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് വ്യക്തത തേടും.