കഞ്ചാവ് കേസിൽ ജാമ്യം; കെണിയായത് പുലിപ്പല്ല്
1546690
Wednesday, April 30, 2025 4:13 AM IST
തൃപ്പൂണിത്തുറ: കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ ഹിൽപാലസ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചേർത്തിരിക്കുന്നത് ലഹരിയുപയോഗവും ഗൂഢാലോചനയും.
പോലീസ് ഫ്ലാറ്റിൽ പരിശോധനയ്ക്കായെത്തുമ്പോൾ എല്ലാവരും വട്ടം കൂടിയിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
മുറി മുഴുവനും പുകയും രൂക്ഷഗന്ധവും നിറഞ്ഞിരിക്കുകയായിരുന്നുവെന്നും ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചതായും കണ്ടെത്തിയിരുന്നു.
രഹസ്യവിവരം കിട്ടിയതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് എരൂർ കണിയാമ്പുഴയിലുള്ള സ്വാസ് പാർപ്പിട സമുച്ചയത്തിലെ റാപ്പർ വേടന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി വേടനുൾപ്പെടെ സംഘത്തിലെ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തത്. അതേസമയം പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ ജാമ്യം ലഭിക്കുമെന്നറിയാമായിരുന്ന വേടന് കഴുത്തിലെ പുലിപ്പല്ല് മാലയാണ് കുരുക്കായി മാറിയത്.
വേടനുൾപ്പെടെ സംഘത്തെ പിടികൂടിയത് പോലീസിന് അഭിമാനകരമായെങ്കിലും കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതാണ് കേസ് പുലിപ്പല്ലിലേയ്ക്ക് തിരിഞ്ഞ് വനം വകുപ്പിന്റെ കൈകളിലേയ്ക്കെത്തിയത്.
സ്റ്റേജ് ഷോകളിലും മറ്റും ഷർട്ട് അഴിച്ച് പ്രകടനം നടത്തുന്ന വേടന്റെ കഴുത്തിലുള്ള മാലയിലെ പുലിപ്പല്ല് ഇപ്പോഴാണ് വനം വകുപ്പിന്റെ ശ്രദ്ധയിലേക്കെത്തിയത്.