ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
1546692
Wednesday, April 30, 2025 4:13 AM IST
കാലടി: ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാന ത്തൊഴിലാളികൾ പിടിയിലായി. ആസാം നൗഗോൺ സ്വദേശികളായ ഷെറിഫുൾ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വര, തെറ്റാലി ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി പ്രതികൾ ഇരുചക്രവാഹനത്തിൽ ഹെറോയിൻ വില്പനയ്ക്കെത്തിയപ്പോഴാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലാണ് മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇരുചക്രവാഹനത്തിൽ കറങ്ങിനടന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വില്പന നടത്തിയിരുന്നത്. ആസാമിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്ഐ റെജിമോൻ, എഎസ്ഐമാരായ നൈജോ, ജിൻസൺ, പ്രസാദ്, പി.എ. അബ്ദുൾ മനാഫ്, സിപിഒമാരായ ബെന്നി ഐസക്, വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.