വേടന് വനംവകുപ്പ് കസ്റ്റഡിയില്‍
1546688
Wednesday, April 30, 2025 4:13 AM IST
കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസില്‍ റാപ്പര്‍ വേടനെ(ഹിരണ്‍ദാസ് മുരളി ) പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. യാഥാർഥ പുലിപ്പല്ലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് വേടന് കോടതിയില്‍ പറഞ്ഞു.
ഇന്ന് തന്റെ ആല്‍ബം പുറത്തിറങ്ങുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന വേടന്റെ ആവശ്യം തളളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
പുലിപ്പല്ല് എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് 'ഇപ്പോഴൊന്നും പറയാന്‍ വകുപ്പില്ല മക്കളേ' എന്നായിരുന്നു കോടതിയില്‍ വേടന്റെ മറുപടി. കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെ വേടനെ കൊച്ചി കണിയാമ്പുഴയിലെ ഫ്ളാറ്റില്‍ എത്തിച്ച് തെളിവെടുത്തു.
തന്റെ പുതിയ പാട്ട് "മോണോലോവ' പുറത്തിറങ്ങുമെന്നും എല്ലാവരും അത് കേട്ട് അഭിപ്രായം പറയണമെന്നും പുലിപ്പല്ലിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ പറയുമെന്നും വേടന് പറഞ്ഞു.
ഇന്ന് തൃശൂര്‍ വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടെയാണ് പുലിപ്പല്ലില്‍ വേടന് വെള്ളി കെട്ടിച്ചത്. വേടന് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.