കുടിവെള്ള കണക്ഷന് പുനസ്ഥാപിക്കാന്‍ ഉത്തരവ്
1546695
Wednesday, April 30, 2025 4:13 AM IST
കൊച്ചി: ഉപയോഗത്തിന് ആനുപാതികമല്ലാതെ ബില്‍ നൽകുകയും തുടർന്ന് വിച്ഛേദിച്ച കുടിവെള്ള കണക്ഷന് ഉടന്‍ പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം കരുവേലിപ്പടി സ്വദേശി റാഫേല്‍ രാജന് കേരള വാട്ടര്‍ അഥോറിറ്റിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷനില്‍ 2017 നവംബര്‍ മുതല്‍ സാധാരണയില്‍ കവിഞ്ഞ ഉപയോഗമാണ് രേഖപ്പെടുത്തിയത്. തുടർന്ന വലിയ തുകയുടെ രണ്ട് മാസത്തെ ബില്ലും ലഭിച്ചു.
ഇത് വാട്ടര്‍ അഥോറിറ്റിയെ രേഖാമൂലം അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുകയോ ഹിയറിംഗ് നടത്തുകയോ ചെയ്യാതെ മൂന്നു ദിവസത്തെ നോട്ടീസ് നല്കി കുടിവെള്ള കണക്ഷന് വിച്ഛേദിക്കുകയായിരുന്നു.
ഇതോടെ പരാതിക്കാരന് കുടിവെള്ളത്തിനായി സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കേണ്ടി വന്നു. പരാതിക്കാരനെ കേള്‍ക്കാതെ കുടിവെള്ള കണക്ഷന് വിച്ഛേദിച്ച വാട്ടര്‍ അഥോറിറ്റിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയാണെന്നും പരാതിക്കാരന് അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് അവര്‍ ഉത്തരവാദികളാണെന്നും കോടതി കണ്ടെത്തി.
പരാതിക്കാരന്റെ കുടിവെള്ള കണക്ഷന് ഉടന്‍ പുനസ്ഥാപിക്കാനും മുന്‍ മാസങ്ങളിലെ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കി ബില്ലുകള്‍ പുന:ക്രമീകരിച്ച് നല്‍കുന്നതിനും വാട്ടര്‍ അഥോറിറ്റിക്ക് കോടതി ഉത്തരവ് നല്കി.