തൊമ്മാനപ്പാടത്തു പുല്ലും ചണ്ടിയും ഒഴുകിയെത്തി; കർഷകർ നിരാശയിൽ
1573913
Tuesday, July 8, 2025 1:19 AM IST
ഇരിങ്ങാലക്കുട: തൊമ്മാന പാടശേഖരത്തിൽ പുല്ലും ചണ്ടിയും നിറഞ്ഞതോടെ കർഷകർ നിരാശയിൽ. പൊതുന്പുചിറ പൊറംചിറ പാടശേഖരസമിതിയുടെ കീഴിലുള്ള ആന്റണി മഞ്ഞളിയുടെ അഞ്ച് ഏക്കർ പാടശേഖരത്തിലാണ് പുല്ലും ചണ്ടിയും ഒഴുകിയെത്തി അടിഞ്ഞുകൂടിയത്. സമീപത്തെ പൊറത്തുക്കാരൻ കോൾകടവ് കഴിഞ്ഞ 20 വർഷമായി കൃഷിചെയ്യാതെ തരിശായികിടക്കുകയായിരുന്നു.
അവിടെ ഉണ്ടായിരുന്ന പുല്ലും ചണ്ടിയുമാണ് ഒഴുകിയെത്തിയത്. ഇവ നീക്കം ചെയ്തില്ലെങ്കിൽ മൂന്നുമാസം കഴിയുന്പോൾ പുഞ്ചകൃഷി ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പുല്ലുകൾ നീക്കം ചെയ്യുകയാണിപ്പോൾ. ഇതു വലിയ സാന്പത്തികബാധ്യത ഉണ്ടാക്കും. കഴിഞ്ഞതവണ കൊയ്തുകഴിഞ്ഞ് നെല്ല് സംഭരിച്ചതിന്റെ പണം ഇതുവരെ ലഭിച്ചിട്ടില്ല.
അതിന്റെ സാന്പത്തികബുദ്ധിമുട്ടുകൾക്കിടയിലാണ് അധികചെലവ് വന്നിരിക്കുന്നത്. പാടശേഖരത്തിൽ വെള്ളം താഴുന്നതിനുമുന്പ് ചണ്ടിയും പുല്ലും നീക്കംചെയ്തില്ലെങ്കിൽ പിന്നീട് സാധ്യമല്ലാതാകും. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെയും കൃഷി ഓഫീസറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.