പേരാമംഗലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു; 13 പേർക്കുപരിക്ക്
1573463
Sunday, July 6, 2025 7:08 AM IST
പേരാമംഗലം: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ പേരാമംഗലം മനപ്പടിയിൽ കോൺക്രീറ്റ് റോഡ് അവസാനിക്കുന്ന ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 13 പേർക്കു നിസാര പരിക്ക്. തൃശൂർ ഭാഗത്തേക്കു സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ബ്രേക്ക് ചെയ്തതിനെ ത്തുടർന്ന് പിന്നിൽവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയും ഈ ബസിനു തൊട്ടുപിന്നാലെവന്ന മറ്റൊരു ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയുമായിരുന്നു.
വിവാഹത്തിൽ പങ്കെടുത്ത് പെരിന്തൽമണ്ണയിൽനിന്ന് തൃശൂരിലേക്കു വരികയായിരുന്ന സം ഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിലെ 12 പേർക്കും ആൾട്ടോ കാറിലുണ്ടായിരുന്ന ഒരാൾക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
അപകടത്തെത്തുടർന്ന് വാഹനത്തിൽനിന്ന് ഡീസൽ റോഡിൽ പരന്നതു പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞെത്തിയ പേരാമംഗലം പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും അഗ്നിരക്ഷാസേനയെ വിളിച്ച് റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്യുകയും ചെയ്തു. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗത തടസമുണ്ടായി.