വേറിട്ട അനുഭവമായി ആംഗ്യഭാഷയിലുള്ള ദിവ്യബലി
1572834
Friday, July 4, 2025 6:34 AM IST
ചാവക്കാട്: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത വിദേശിയായ വൈദികന്റെ ആംഗ്യ ഭാഷയിലുള്ള ദിവ്യബലിയിൽ പങ്കെടുക്കാൻ പാലയൂരിൽ എത്തിയത് നൂറുകണക്കിന് ബധിര-മൂകരായ വിശ്വാസികൾ. ബാൾട്ടിമോർ ഡെഫ് മിനിസ്ട്രിയുടെ തലവനായ ഫാ. മൈക്കിൾ ഡെപ്സിക് മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ ബധിര- മൂകരായ ഫാ. ജോസഫ് തേർമഠം, ഫാ. ബിജു എന്നിവർ സഹകാർമികരായിരുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള മുന്നൂറോളം ബധിര- മൂകരായ വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തു. മാർതോമാ ശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിൽ ദുക്റാന ദിനത്തിൽ ദിവ്യബലി അർപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കയിൽ പ്രവർത്തിക്കുന്ന ഫാ. മൈക്കിൾ അറിയിച്ചതിനെ തുടർന്നാണ് മൂകഭാഷയിൽ ദിവ്യബലി അർപ്പിച്ചതെന്ന് തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ പറഞ്ഞു.