കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 10 പേർക്കു പരിക്ക്
1572873
Friday, July 4, 2025 6:45 AM IST
എരുമപ്പെട്ടി: പന്നിത്തടം സെന്ററിൽ വീണ്ടും വൻ അപകടം. കെഎസ്ആർടിസി ബസും മത്സ്യം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 10 പേർക്കു പരിക്ക്. ഇന്നലെ പുലർച്ചെ 1.30ഓടെയാണ് കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയും അക്കിക്കാവ് -കേച്ചേരി ബൈപാസ് റോഡും സംഗമിക്കുന്ന സെന്ററിൽ അപകടമുണ്ടായത്.
കെഎസ്ആർടിസി ബസിലെ ഡ്രൈവർ രാജേഷ്, കണ്ടക്ടർ ഷൈജു അബ്രഹാം, ലോറി ഡ്രൈവർ രാധാകൃഷ്ണൻ, ബസ് യാത്രക്കാരായ സജീവ്, സതീഷ്, എൽസണ്, ഷമീർ, ഷീന, ലിജി, ഷിജിൻ, എന്നിവർക്കാണു പരിക്കേറ്റത്. കോഴിക്കോട് നിന്നു തൃശൂർ വഴി കുമളിയിലേക്കു പോവുകയായിരുന്നു ബസ്. കുന്നംകുളത്തുനിന്ന് മത്സ്യംകയറ്റി ചെറുതുരുത്തിയിലേക്കു പോകുകയായിരുന്നു ലോറി.
അക്കിക്കാവ് ഭാഗത്തുനിന്നുവന്ന് പന്നിത്തടം സെന്ററിലേക്കു പ്രവേശിച്ച ബസിൽ കുന്നംകുളം ഭാഗത്തുനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. ബസ് ഡ്രൈവർ റോഡിലേക്കു തെറിച്ചുവീണു. ഇടിയെത്തുടർന്ന് നിയന്ത്രണംവിട്ട ബസും ലോറിയും റോഡരികിലെ കടകളിൽ ഇടിച്ചാണുനിന്നത്. രണ്ടു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ, കടങ്ങോട് പഞ്ചായത്ത് ആംബുലൻസ് പ്രവർത്തകർ, കുന്നംകുളം ട്രാഫിക് ആംബുലൻസ്പ്രവർത്തകർ, സിഎച്ച് സെന്റർ ആംബുലൻസ് പ്രവർത്തകർ എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. എരുമപ്പെട്ടിയിൽനിന്നും കുന്നംകുളത്തുനിന്നും പോലീസും എത്തിയിരുന്നു.
പരിക്കേറ്റവരെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സാരമായി പരിക്കേറ്റ രണ്ടു യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബസിലെ മറ്റു യാത്രക്കാരെ പുലർച്ചെ നാലോടെ കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് എത്തിച്ച് കൊണ്ടുപോയി. പന്നിത്തടം സ്വദേശി ഷാഹിദിന്റെ കടകൾക്കാണു വാഹനങ്ങൾ ഇടിച്ച് കേടുപാട് സംഭവിച്ചത്. ബൈപാസ് റോഡ് നിർമാണം കഴിഞ്ഞശേഷം പന്നിത്തടം സെന്ററിൽ നടക്കുന്ന എട്ടാമത്തെ അപകടമാണിത്.