പാലയൂർ തീർഥകേന്ദ്രത്തിൽ
1572415
Thursday, July 3, 2025 2:03 AM IST
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ മാർതോമാ ശ്ലീഹായുടെ ദുക്റാന ഊട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ജനറൽ കൺവീനർ ടി.ജെ. ഷാജു, ഊട്ട് കൺവീനർ ചാക്കോ പുലിക്കോട്ടിൽ, ജോയിന്റ് കൺവീനർ സി.ജെ. സാബു എന്നിവർ അറിയിച്ചു.
രാവിലെ എട്ടോടെ ആരംഭിക്കുന്ന നേർച്ച ഭക്ഷണവിതരണം വൈകീട്ടുവരെ തുടരും. അരലക്ഷത്തോളം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. പഴം , പപ്പടം, പായസം ഉൾപ്പെടെ ഏഴുതരം വിഭവങ്ങൾ ഒരുക്കുന്നത് പാചകവിദഗ്ധൻ ഒ.കെ. നാരായണൻ നായരുടെ സംഘമാണ്. സഹായത്തിനായി ഇടവകയിലെ വിശ്വാസികൾ ഒപ്പമുണ്ട്. ഭക്ഷണവിതരണത്തിനായി പാരിഷ് ഹാളിനുപുറമേ വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. അഞ്ചിടത്താണ് വിതരണം.
ഇന്ന് രാവിലെ 6.30 മുതൽ നാലുവരെ വിവിധ സമയങ്ങളിലായി ആറ് ദിവ്യബലി ഉണ്ടായിരിക്കും. 12, 13, 14 തീയതികളിൽ ആഘോഷിക്കുന്ന തർപ്പണ തിരുനാളിന്റെ കൊടി രാവിലെ 7.30ന് തീർഥക്കുള കരയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊണ്ടുവരും. തിരുനാൾ കൊടിയേറ്റം രാവിലെ 9.30 ന് മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. തുടർന്ന് അർപ്പിക്കുന്ന പാട്ടുകുർബാനയ്ക്ക് ബിഷപ് മുഖ്യ കാർമികനാകും.
രണ്ടരയ്ക്കുള്ള വിശുദ്ധ കുർബാനയ്ക്ക് അമേരിക്കയിലെ ഡഫ് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന ബധിര- മൂക വൈദികനായ ഫാ. മിഖായേലിന്റെ നേതൃത്വത്തിലുള്ള സംഘം ആംഗ്യ ഭാഷയിൽ ബലിയർപ്പിക്കും.