ആരോഗ്യരംഗമുൾപ്പടെ സർവമേഖലയും തകർന്നടിഞ്ഞു: സന്ദീപ് വാര്യർ
1571809
Tuesday, July 1, 2025 1:51 AM IST
എരുമപ്പെട്ടി: കേരളത്തിന്റെ ആരോഗ്യ രംഗം ഉൾപ്പടെ സർവമേഖലയും തകർന്നടിഞ്ഞൂവെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. സിപിഎം നേതൃത്വം നൽകുന്ന എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ കോൺഗ്രസ് ചിറ്റണ്ടയിൽ സംഘടിപ്പിച്ച ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖല സമ്പൂർണമായും തകർന്നതിനെത്തുടർന്ന് സാധാരണക്കാരായ രോഗികൾ ദുരിതമനുഭവിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളജുകളിൽ ഉൾപ്പടെ അടിയന്തര സർജറിക്ക് ആവശ്യമായ നൂലും ഉപകരണങ്ങളും മരുന്നുകളും ഇല്ലെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികൾ പരസ്യമായി പറഞ്ഞുകഴിഞ്ഞു. വികസനം എന്നുപറയുന്നത് കെട്ടിടങ്ങൾ നിർമിക്കൽ മാത്രമാണ്. ഇതു രോഗികൾക്കുവേണ്ടിയല്ല മറിച്ച് അഴിമതിക്കുവേണ്ടി മാത്രമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷനായി. ചിറ്റണ്ട സ്വദേശിനി റിയ റിസ്വാന വരച്ച സന്ദീപ് വാര്യരുടെ ചിത്രം ചടങ്ങിൽ കൈമാറി. യുഡിഎഫ് കുന്നംകുളം നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് പ്രസിഡന്റ്് സുരേഷ് മമ്പറമ്പിൽ, മുൻ ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. രാധിക, ബ്ലോക്ക് പ്രസിഡന്റ്് സഫീന അസീസ്, പി.എസ്. സുനീഷ്, എം.കെ. ജോസ്, അജു നെല്ലുവായ്, സുന്ദരൻ ചിറ്റണ്ട, സതീഷ് ഇടമന, എം.ജി.വിവേക്, ഷിയാസ് ചിറ്റണ്ട തുടങ്ങിയവർ പ്രസംഗിച്ചു.