എസ്ഐഎഫ്എൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്
1571540
Monday, June 30, 2025 1:45 AM IST
അത്താണി: സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ് ലിമിറ്റഡിന്റെ (എസ്ഐഎഫ്എൽ) വികസന പ്രവർത്തനങ്ങൾ വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഉദ്ഘാടനംചെയ്യും.
12 കോടി മുടക്കി സ്ഥാപിച്ച ആറു ടണ്‍ ഹൈഡ്രോളിക് ഓപ്പണ്‍ ഫോർജിംഗ് ഹാമറിന്റെ പ്രവർത്തനോദ്ഘാടനം, 2.5 കോടി ചെലവിട്ടു നിർമിക്കുന്ന കോർപറേറ്റ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിക്കും.
പ്രതിരോധ - ബഹിരാകാശ മേഖലകളിൽ അധിഷ്ഠിതമായി പ്രവർത്തിക്കു പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ഐഎഫ്എല്ലിന്റെ വികസനത്തിന് സർക്കാർ 25 കോടിയാണു നൽകിയത്. അഞ്ചുവർഷംകൊണ്ട് വിറ്റുവരവ് 45 കോടിയിൽനിന്ന 75 കോടിയായി ഉയർന്നു.
14 ശതമാനം സാന്പത്തിക വളർച്ചയോടെ 7.85 കോടി പ്രവർത്തനലാഭവും നേടി. ഐഎസ്ആർഒ, ബ്രഹ്മോസ് മിസൈൽ നിർമാണം, ബിആർഡിഒ, ഇന്ത്യൻ നേവി, എച്ച്എഎൽ എന്നിങ്ങനെ തന്ത്രപ്രധാന മേഖലകൾക്കാണു സ്ഥാപനം ഫോർജുകൾ നൽകുന്നത്. അന്തർവാഹിനിയുടെ നിർമാണത്തിനുള്ള സാമഗ്രികൾക്കായി 38 കോടിയുടെയും മിസൈൽ ഭാഗങ്ങൾ നൽകാൻ 25 കോടിയുടെയും ഓർഡർ ലഭിച്ചെന്നു മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആറുടണ്‍ ഹൈഡ്രോളിക് ഒപ്പണ്‍ ഹാമർ വരുന്നതോടെ മൂവായിരം കിലോവരെയുള്ള ഭാഗങ്ങൾ നിർമിക്കാൻ കഴിയുമെന്നും വിദേശത്തേക്കുള്ള കയറ്റുമതിക്കും ഉപകാരപ്രദമാകുമെന്നും മാനേജ്മെന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഡ്വ. ഷെരീഫ് മരയ്ക്കാർ, മാനേജിംഗ് ഡയറക്ടർ കമാൻഡർ പി. സുരേഷ് ഡയറക്ടർ മേരി തോമസ്, ജനറൽ മാനേജർമാരായ പി.കെ. മൻസൂർ, എ. അനിൽ ബോസ് എന്നിവർ പങ്കെടുത്തു