കാറ്റ്, മഴ: വീടുകൾ തകർന്നു
1571363
Sunday, June 29, 2025 7:00 AM IST
എരുമപ്പെട്ടി: കനത്ത മഴയിൽ എരുമപ്പെട്ടി ആറ്റത്രയിൽ വീട് തകർന്നുവീണു. പാണൻ വീട്ടിൽ
മദീശൻ, രജനി എന്നിവരുടെ ഓടിട്ട വീടാണു ഭാഗികമായി തകർന്നത്.
ഇന്നലെ വൈകീട്ട് അഞ്ചോ ടെയാണ് അപകടം. ആർക്കും പരിക്കില്ല. നിർധന കുടുംബം താമസിക്കുന്ന വീട് കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. മഴയിൽ ഒരു വശത്തെ ചുമർ തകർന്ന് നിലംപൊത്തി. മേൽക്കൂരയും പൊട്ടിവീഴാറായ അവസ്ഥയിലുള്ള വീട് പൂർണമായും വാസയോഗ്യമല്ലാതായി.
ജലസംഭരണി കിണറിനു മുകളിൽവീണ് തകർന്നു
പുന്നയൂർക്കുളം: ശക്തമായ മഴയിൽ കോൺക്രീറ്റ് ജലസംഭരണി കിണറിനു മുകളിലേക്കു വീണു തകർന്നു. പുന്നയൂർക്കുളം കോറോത്തയിൽ പള്ളിക്കുപടിഞ്ഞാറ് അത്താണിക്കൽ സുൽഫിക്കർ അലിയുടെ വീട്ടിലെ കോൺക്രീറ്റ് ജലസംഭരണിയാണ് കിണറിനു മുകളിലേക്കു തകർന്നുവീണത്. കോൺക്രീറ്റ് പാളികൾവീണ് കിണർ മൂടിയ നിലയിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം. സംഭരണിക്കുവേണ്ടി കല്ലിൽ കെട്ടി ഉയർത്തിയ പമ്പ് ഹൗസും ഇതിനു മുകളിലെ 1000 ലിറ്ററിന്റെ കോൺക്രീറ്റ് സംഭരണിയുമാണ് വീണത്. കിണറിന്റെ ആൾമറയും തൂണുകളും തകർന്നനിലയിലാണ്.
അഞ്ഞൂർ അങ്ങാടിയിലെ പമ്പ് ഹൗസ് മഴയിൽ തകർന്നുവീണു. രാത്രിയാണ് സംഭവം. ആളൊഴിഞ്ഞ സമീപത്തെ പറമ്പിലേക്കാണു വീണത്. കുറേകാലമായി പ്രവർത്തനരഹിതമായി ജീർണാവസ്ഥയിലാണ്. പഴയ കാലത്ത് ഏതാനും പ്രദേശത്തുകാരുടെ ആശ്രയമായിരുന്നു.
വീടിന്റെ പിറകുവശം ഇടിഞ്ഞുവീണു
എരുമപ്പെട്ടി: കനത്ത മഴയിൽ എരുമപ്പെട്ടി മങ്ങാട് പുന്നംക്കോട് പള്ളിക്കുന്ന് പ്രദേശത്ത് വീടിന്റെ പിറകുവശം ഇടിഞ്ഞുതാണു. ഫ്ലാറ്റ് റോഡിൽ തൃത്താലപ്പറവിൻ മണികണ്ഠന്റെ വീടിന്റെ പിറകുവശവും ഇതിനോടുചേർന്നുള്ള സംരക്ഷണഭിത്തിയുമാണ് തകർന്നത്.
ഇന്നലെ വൈകീട്ട് നാലോടെയുണ്ടായ മഴയിലാണ് അപകടം. വീടിന്റെ അടുക്കളയുടെ വശത്തെ മണ്ണ് ഇടിഞ്ഞ് താഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത കൊട്ടത്തളവും അലക്ക് കല്ലും മതിലും ഷീറ്റ് മേയാൻ ഉറപ്പിച്ചിരുന്ന ഇരുമ്പുകാലുകളും ഇടിഞ്ഞു വീഴുകയായിരുന്നു.
തെങ്ങുവീണ് മേൽക്കൂര തകർന്നു
വെങ്കിടങ്ങ്: ശക്തമായ മഴയിൽ തെങ്ങുവീണ് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. തൊയക്കാവ് അടാട്ട്കുളങ്ങര അമ്പലത്തിനു കിഴക്കുവശം താമസിക്കുന്ന എടക്കാട് ശാന്തയുടെ വീടിന്റെ മുകളിലേക്കാണു സമീപത്തു ണ്ടാ യിരുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങുവീണത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിലാണ് തെങ്ങുവീണത്. ആർക്കും പരിക്കില്ല.