ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റി വെള്ളത്തില്‍ വെള്ളക്കരം കുടിശിക ഏഴുകോടി
1571344
Sunday, June 29, 2025 6:59 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റിയില്‍ വെള്ളക്കരം കുടിശികയുള്ളത് ഏഴുകോടിയോളംരൂപ. കഴിഞ്ഞമാസം തയാറാക്കിയ കുടിശികയുടെ കണക്കനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ വക 3,04,150 രൂപയും പൊതുടാപ്പുകള്‍ വഴി 6,93,31,156 രൂപയാണ് കുടിശിക.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നഗരസഭയും ആളൂര്‍, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട് എന്നീ ആറു പഞ്ചായത്തുകളിലെ കുടിശികയുമാണ് ഇത്രത്തോളമുള്ളത്. സാധാരണക്കാര്‍ വെള്ളക്കരം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കും, കണക്ഷനും വിഛേദിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇരിങ്ങാലക്കുട ഡിവിഷന്റെ കീഴില്‍ 256 സര്‍ക്കാര്‍ ഓഫീസുകളിലേക്കു വെള്ളംനല്കുന്നുണ്ട്. കാട്ടൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശികയാണ് ഏറ്റവും കൂടുതല്‍ 98,628 രൂപ. മുരിയാട് പഞ്ചായത്ത്- 34,549 രൂപ, ഇരിങ്ങാലക്കുട നഗരസഭ- 19,463 രൂപ, ആളൂര്‍ പഞ്ചായത്ത്- 12,963 രൂപ എന്നിങ്ങനെയാണ് തദ്ദശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക. പൊതു ടാപ്പുകളുടെ കുടിശികയില്‍ ആളൂര്‍ പഞ്ചായത്താണ് ഏറ്റവും മുന്നില്‍ 6,64,00,000 രൂപ. പൂമംഗലം പഞ്ചായത്ത് 20,15,740 രൂപ, ഇരിങ്ങാലക്കുട നഗരസഭ- 7,71,645 രൂപ, മുരിയാട് പഞ്ചായത്ത് 53,990 രൂപ, വേളൂക്കര പഞ്ചായത്ത് 41,251 രൂപ, കാറളം പഞ്ചായത്ത് 37,611 രൂപ, കാട്ടൂര്‍ പഞ്ചായത്ത് 10,919 രൂപയും കുടിശികയുണ്ട്.
ഈവര്‍ഷം 5519 ഗാര്‍ഹിക കണക്ഷനുകളാണ് പുതിയതായി നല്‍കിയത്. ഏറ്റവും കൂടുതല്‍ കണക്ഷന് നല്‍കിയത് വേളൂക്കര പഞ്ചായത്താണ്. 1,871 കണക്ഷനാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്. മുരിയാട് പഞ്ചായത്തില്‍ 1,425 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കാറളം പഞ്ചായത്തില്‍ 11, പൂമംഗലം പഞ്ചായത്തില്‍ 22, കാട്ടൂര്‍ പഞ്ചായത്തില്‍ 51 കണക്ഷനുമാണ് നല്‍കിയിരിക്കുന്നത്. കുടിശികയുള്ളതിനാല്‍ 711 ഗാര്‍ഹിക കണക്ഷനുകളാണ് വിഛേദിച്ചത്.