ഡിജിറ്റൽ സർവേ സംവിധാനം കാര്യക്ഷമമെന്നു വിലയിരുത്തൽ
1571357
Sunday, June 29, 2025 7:00 AM IST
തൃശൂർ: കേരളത്തിലെ ഡിജിറ്റൽ സർവേ സംവിധാനത്തെ അഭിനന്ദിച്ച് ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ. തിരുവനന്തപുരത്തു സംഘടിപ്പിച്ച ഭൂമി ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ജില്ലയിലെ ഡിജിറ്റൽ സർവേ നടക്കുന്ന എടക്കഴിയൂർ വില്ലേജ് സന്ദർശിച്ചു. മൂന്നാംഘട്ടത്തിലേക്കു പ്രവേശിച്ച ഡിജിറ്റൽ സർവേ സംവിധാനങ്ങൾ നേരിട്ടെത്തി വിലയിരുത്തി.
ഇതിനു മുന്നോടിയായി തൃശൂർ കളക്ടറേറ്റിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി ഉദ്യോഗസ്ഥ സംഘം കൂടിക്കാഴ്ച നടത്തി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഡിജിറ്റൽ സർവേ പ്രക്രിയയെക്കുറിച്ച് സർവേ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കേരളത്തിലെ ഡിജിറ്റൽ സർവേ സംവിധാനം വളരെ കാര്യക്ഷമവും നൂതനവുമാണെന്നു മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ വിലയിരുത്തി. കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ജാർഖണ്ഡിൽനിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചന്ദ്രശേഖർ, ജാർഖണ്ഡ് അണ്ടർ സെക്രട്ടറി ശങ്കർകുമാർ, അരുണാചൽപ്രദേശ് ഡയറക്ടർ പാഗലി സോറ, അരുണാചൽപ്രദേശിലെ ജില്ലാ ലാൻഡ് റവന്യൂ ആൻഡ് സെറ്റിൽമെന്റ് ഓഫീസർ പുടോം ടാക്കു, തെലുങ്കാന സെക്രട്ടറിയും സിഎംആർഒ പ്രോജക്ട് ഡയറക്ടറുമായ മാണ്ട മകരണ്ടു എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘത്തെ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, സർവേ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. സുനിൽ, ഡെപ്യൂട്ടി ഡയറക്ടർ എസ്. അൻസദ്, അസിസ്റ്റന്റ് ഡയറക്ടർ മോനിക്കുട്ടൻ തുടങ്ങിയവർ അനുഗമിച്ചു. ജില്ലാ കളക്ടർ ഉദ്യോഗസ്ഥസംഘത്തിന് ഉപഹാരം നൽകി.