മകന്റെ ചേതനയറ്റ ശരീരം കാണാൻ വേദനകളോടെ അമ്മയെത്തി
1571359
Sunday, June 29, 2025 7:00 AM IST
തൃശൂർ: ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്നു മകന്റെ സ്കൂട്ടറിനു പിന്നിലിരുന്നുപോകുന്പോൾ ആ അമ്മ ഒരിക്കലും കരുതിയിരുന്നില്ല, ഇനി മകന്റെ ചേതനയറ്റ ശരീരമാണ് കാണേണ്ടിവരികയെന്ന്.
തൃശൂർ എംജി റോഡിലെ ഗട്ടറിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിന്നിൽവന്ന ബസിടിച്ചുമരിച്ച മകൻ വിഷ്ണുദത്തിനെ അവസാനമായി ഒരുനോക്കുകാണാൻ അമ്മ പദ്മിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ പൂങ്കുന്നം ഉദയനഗർ എകെജി നഗറിലെ വീട്ടിലെത്തിച്ചപ്പോൾ കരൾപിളരും കാഴ്ചകൾക്കാണ് ആ വീട് സാക്ഷിയായത്. വിദേശത്തുള്ള സഹോദരി എത്താനുള്ളതുകൊണ്ടാണ് സംസ്കാരം വൈകിയത്.
അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ് വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതരാവസ്ഥയിലാണ് അമ്മ പദ്മിനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രോമാ കെയറിൽ കഴിയുന്ന പദ്മിനിയെ മകനെ അവസാനമായി കാണിക്കാൻ ആംബുലൻസിൽ കൊണ്ടുവരികയായിരുന്നു. മകന്റെ മൃതദേഹത്തിനരികിൽ കരയാൻപോലുമാകാതെ മരവിച്ചിരുന്ന പദ്മിനിയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു.
പദ്മിനിയെ ആശുപത്രിയിലേക്കു തിരികെ കൊണ്ടുപോയതിനുശേഷം വിഷ്ണുദത്തിന്റെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.